Wednesday, October 26, 2011

കോഴിക്ക് മുലവന്നപ്പോള്‍..

0 comments
By Shabeeb Muhammad in REPORTER ·
 
ആക്ഷേപത്തിനാധാരമായ കൃത്യം നടന്ന് ഏഴു കൊല്ലത്തിനകം സമര്‍പ്പിക്കുന്ന പരാതിക്കു മാത്രമേ നിയുക്ത ലോക്പാല്‍ ബില്‍പ്രകാരം
  പരിഗണനയുണ്ടാവൂ. പ്രധാനമന്ത്രിക്കസേരയില്‍ ഇരിക്കുന്നവന്‍ എന്തഴിമതിയും അക്രമവും കാട്ടിയാലും ടിയാന്റെ ഭരണകാലാവധി തീര്‍ന്നശേഷമേ ആര്‍ക്കെങ്കിലും പരാതിപ്പെടാന്‍ അവകാശമുള്ളൂ. എന്നുവെച്ചാല്‍ അഞ്ചുകൊല്ലം കഴിഞ്ഞു മാത്രം. മന്‍മോഹന്‍ സിങ്ങിനെപ്പോലെ രണ്ടാം ടേമിലും ഒരുവന്‍ പ്രധാനമന്ത്രിയായെന്നുവെക്കുക. അപ്പോള്‍, മൊത്തം പത്ത് കൊല്ലമാണ് ഇമ്യൂണിറ്റി. ഏഴു കൊല്ലത്തിനകം പരാതിപ്പെട്ടില്ലെങ്കില്‍ പരിഗണിക്കപ്പെടില്ലെന്ന വകുപ്പിരിക്കെ ഈ ഇമ്യൂണിറ്റി ബലമുള്ള ഒരുത്തന് സുഖമായി ഊരിപ്പോകാമെന്ന് പ്രത്യേകിച്ചു പറയേണ്ടല്ലോ

പതിറ്റാണ്ടായുള്ള ദേശീയ എടങ്ങേറു പരിഹരിച്ച് രാജ്യം സംശുദ്ധ പൊതുപ്രവര്‍ത്തനത്തിന്റെ വിപ്ലവ  പാതയിലേക്ക് പ്രവേശിക്കുകയായി- സര്‍ക്കാറിന്റെ ലോക്പാല്‍  ബില്ലായി. ഇനി പാര്‍ലമെന്റ് ചേര്‍ന്ന് പാസാക്കി വിടുകയേ വേണ്ടൂ. രാജ്യത്തെ അഴിമതിക്കാരെല്ലാം കാശിക്ക് വിടാന്‍ തല്‍ക്കാല്‍ ടിക്കറ്റിന് തള്ളു തുടങ്ങിക്കഴിഞ്ഞു.
പാര്‍ലമെന്റില്‍ ബില്‍ പാസാക്കാന്‍ പാടൊന്നുമില്ല. വിശേഷിച്ചും, എതിരു പറയാന്‍ പറ്റിയ വകുപ്പൊന്നും അബദ്ധവശാല്‍പോലും സംഗതിയില്‍ കയറിയിട്ടില്ലെന്നിരിക്കെ. രാഷ്ട്രീയ ചക്രവ്യൂഹത്തിലെ ഒരുമാതിരിപ്പെട്ട പുള്ളികള്‍ക്കെല്ലാം സുഖിക്കുന്ന വിധമാണ് സൃഷ്ടി. ഒന്നാമത്, അഴിമതിയുടെ ഈ ഓംബുഡ്‌സ്മാന്‍ ഇതര ഓംബുഡ്‌സ്മാന്മാരെപ്പോലെതന്നെ ലക്ഷണമൊത്ത ഓംലെറ്റാണ്. മുട്ടവിരിഞ്ഞ് കോഴിയുണ്ടായാലല്ലേ പ്രശ്‌നമുള്ളൂ- ഓംലെറ്റ് കൂവുകയോ കൊത്തിപ്പെറുക്കുകയോ മുട്ടയിടുകയോ ചെയ്യുമെന്ന ആശങ്ക വേണ്ട. ഇവിടെ അത്തരം ചാലകശക്തിയൊന്നും വകയിരുത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധവെച്ചു. ഓംബുഡ്‌സ്മാന്റെ അന്വേഷണാവകാശത്തിനുതന്നെ ആദ്യമേ പരിധി കല്‍പിച്ചു- ഠാവട്ടം.അതിനുള്ളില്‍ കിടന്നുള്ള ചിക്കിച്ചികയലിനാകട്ടെ സ്വന്തം സംവിധാനമുണ്ടാവില്ല. പകരം, സര്‍ക്കാറിന്റെ കുപ്രസിദ്ധ ഏജന്‍സികളെത്തന്നെ നമ്പണം. ഇനി, വല്ലതും കൊത്തിപ്പെറുക്കിയെടുത്താലോ, പ്രോസിക്യൂഷനുള്ള അധികാരം പഴയപടി കോടതിക്കുതന്നെ. കൂടിപ്പോയാല്‍ ചില്ലറ ധാര്‍മിക ഡയലോഗടിച്ച് ഒരു റിപ്പോര്‍ട്ട് എഴുതി അധ്യായമടക്കാം. ഇങ്ങനെ വന്‍പുലികളെ വിരട്ടുകയെങ്കിലും ചെയ്യരുതോ എന്നു കരുതുന്ന ലളിതമാനസര്‍ ആയതിന്റെ കഥാസാരം കൂടിയറിയുക.
കേന്ദ്രമന്ത്രിമാര്‍, എം.പിമാര്‍, ഗ്രൂപ്പ് എ ഉദ്യോഗസ്ഥര്‍ എന്നിവരാണ് ലോക്പാലിന്റെ നോട്ടപ്പുള്ളിവട്ടത്തില്‍പെടുക.
പാര്‍ലമെന്റ് പാസാക്കിയ നിയമംവഴി സൃഷ്ടിക്കപ്പെട്ടതും കേന്ദ്രസര്‍ക്കാര്‍ ചില്ലറകൊടുത്ത് നിലനിര്‍ത്തുന്നതുമായ ബോര്‍ഡ് / ട്രസ്റ്റ്/ സൊസൈറ്റി /കോര്‍പറേഷന്‍ ഇത്യാദികളിലെ ഗ്രൂപ്പ് എക്ക് തുല്യമായ കസേരകളിലിരിക്കുന്നവരും ഈ പരിവട്ടത്തില്‍പെടും. പ്രധാനമന്ത്രിയും ജുഡീഷ്യറിയും ആദ്യമേതന്നെ പരിധിക്കുപുറത്താണ്. അതിനുള്ള സര്‍ക്കാര്‍ ന്യായങ്ങളാണ് കെങ്കേമം. പ്രധാനമന്ത്രിയെ പരിധിയില്‍പെടുത്തിയാല്‍ രാജ്യഭരണം സ്തംഭിച്ചെന്നുവരാം. ടിയാന്‍ അഴിമതി കാട്ടിയെന്നുപറഞ്ഞ് വല്ലവനും ലോക്പാലിനു പരാതി കൊടുത്താല്‍ അന്വേഷണവും നടപടിയുമായി നീങ്ങണം. അപ്പോള്‍, രാജ്യം ആരു നോക്കി നടത്തുമെന്നാണു ചോദ്യം. ലോക്പാല്‍ സംബന്ധിച്ച ചര്‍ച്ചകളില്‍ ചിരപുരാതനമായ ഐറ്റം നമ്പറാണ് പ്രഥമദൃഷ്ട്യാ ആകര്‍ഷണമുണ്ടാക്കുന്ന ഈ ചോദ്യം. ബൊഫോഴ്‌സ് കേസില്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും കുടുംബവും തൂങ്ങിയപ്പോള്‍ രാജ്യം സ്തംഭിച്ചുപോയില്ലെന്ന കാര്യം പോട്ടെ. പ്രധാനമന്ത്രിക്കെതിരേവരുന്ന പരാതി സ്വീകരിക്കുന്നതിനുമുമ്പ് വിദഗ്ധ പരിശോധന നടത്താന്‍വേണ്ട സംവിധാനമൊക്കെ ഇതുമാതിരിയുള്ള ഓംബുഡ്‌സ്മാന്‍ സ്ഥാപനങ്ങളില്‍ നിഷ്പ്രയാസം വ്യവസ്ഥ ചെയ്യാവുന്നതേയുള്ളൂ. പരാതി സ്വീകരിക്കപ്പെടുന്നപക്ഷം പ്രധാനമന്ത്രിയുടെ ചുമതല ആരു വഹിക്കണമെന്നും വ്യവസ്ഥ ചെയ്യാം. ഇപ്പോള്‍തന്നെ, മന്‍മോഹന്‍ ഒരു മാസം കിടന്നുപോയാല്‍ ഭരണസ്തംഭനമുണ്ടാകുമോ? ഉന്നതങ്ങളിലെ അഴിമതിയും ഉത്തരവാദിത്തരാഹിത്യവും തടയാനാണ് ലോക്പാല്‍ എന്ന സങ്കല്‍പത്തിനുതന്നെ കടകവിരുദ്ധമായ നിലപാടല്ലേ, പരമോന്നത രാഷ്ട്രീയ എക്‌സിക്യൂട്ടിവിന് ഇമ്യൂണിറ്റി കല്‍പിക്കുന്നത്? മാത്രമല്ല, അഴിമതിയില്‍ മുങ്ങിക്കുളിച്ച രാജ്യത്തെ സംബന്ധിച്ച് ഇത്തരം സവിശേഷ നിയമനിര്‍മാണം അനിവാര്യമാകുമ്പോള്‍, സാധാരണ സാഹചര്യങ്ങളിലെ ന്യായമുറകള്‍ വെച്ചാണോ വിചിന്തനവും വിഭാവനയും നടത്തുക? അടിയന്തര ഘട്ടങ്ങള്‍ക്കുവേണ്ട വകുപ്പുകളും ആ വകുപ്പുകള്‍ മൂലമുണ്ടാകാവുന്ന പ്രതിസന്ധികള്‍ക്ക് (ഉദാ. ഭരണസ്തംഭനം) വിശേഷാല്‍ പോംവഴികള്‍ സൃഷ്ടിക്കുകയുമല്ലേ നിയമനിര്‍മാണ സംഘത്തിന്റെ പണി?
ഇവിടെ അതിനൊന്നും ആര്‍ക്കും നേരമില്ല. എളുപ്പവഴികളിലാണ് കമ്പം. അതിന്റെ ആരൂഢം  രാഷ്ട്രീയ എക്‌സിക്യൂട്ടിവിനെ പൊതിഞ്ഞു സംരക്ഷിക്കുക വഴി അധികാര രാഷ്ട്രീയക്കാരെ ഭംഗ്യന്തരേണ രക്ഷിച്ചുനിര്‍ത്തുക എന്ന മുമ്പേര്‍ തന്ത്രത്തിലാണ്. തെളിച്ചുപറഞ്ഞാല്‍, പേരിനൊരു ലോക്പാലിനെ വെക്കുക. അതിന് രാഷ്ട്രീയാധികാരികളെക്കാള്‍ താഴ്ന്ന വില മാത്രം കല്‍പിക്കുക. ഈ സൂത്രത്തിന്റെ ഫലമായി വരുന്ന ലളിതമായ ഒരൂളത്തരം കേള്‍ക്കുക. ആക്ഷേപത്തിനാധാരമായ കൃത്യം നടന്ന് ഏഴു കൊല്ലത്തിനകം സമര്‍പ്പിക്കുന്ന പരാതിക്കു മാത്രമേ നിയുക്ത ബില്‍പ്രകാരം  പരിഗണനയുണ്ടാവൂ. പ്രധാനമന്ത്രിക്കസേരയില്‍ ഇരിക്കുന്നവന്‍ എന്തഴിമതിയും അക്രമവും കാട്ടിയാലും ടിയാന്റെ ഭരണകാലാവധി തീര്‍ന്നശേഷമേ ആര്‍ക്കെങ്കിലും പരാതിപ്പെടാന്‍ അവകാശമുള്ളൂ. എന്നുവെച്ചാല്‍ അഞ്ചുകൊല്ലം കഴിഞ്ഞു മാത്രം. മന്‍മോഹന്‍ സിങ്ങിനെപ്പോലെ രണ്ടാം ടേമിലും ഒരുവന്‍ പ്രധാനമന്ത്രിയായെന്നുവെക്കുക. അപ്പോള്‍, മൊത്തം പത്ത് കൊല്ലമാണ് ഇമ്യൂണിറ്റി. ഏഴു കൊല്ലത്തിനകം പരാതിപ്പെട്ടില്ലെങ്കില്‍ പരിഗണിക്കപ്പെടില്ലെന്ന വകുപ്പിരിക്കെ ഈ ഇമ്യൂണിറ്റി ബലമുള്ള ഒരുത്തന് സുഖമായി ഊരിപ്പോകാമെന്ന് പ്രത്യേകിച്ചു പറയേണ്ടല്ലോ.
ജുഡീഷ്യറിയാണ് ഇതേ ഇമ്യൂണിറ്റിയുള്ള മറ്റൊരു വിശുദ്ധ പശു. ബഹുമാനപ്പെട്ട പ്രതികള്‍ക്കെതിരെ കേവലമൊരു എഫ്.ഐ.ആര്‍ എടുക്കണമെങ്കില്‍പോലും നിലവില്‍ ചീഫ് ജസ്റ്റിസിന്റെ അനുമതി വേണം. വെങ്കടചെല്ലയ്യയെപോലെ സാമാന്യം സര്‍വ സമ്മതനായിരുന്ന ചീഫ് ജസ്റ്റിസിനോട് കൊല്‍ക്കത്ത ഹൈകോടതി ജഡ്ജി സെന്‍ഗുപ്തക്കെതിരെ എഫ്.ഐ.ആറെടുക്കാന്‍ പലവുരു ചോദിച്ചിട്ടും അനുമതി കൊടുത്തിട്ടില്ലാത്ത സാഹചര്യമാണിവിടുള്ളത്. ലക്ഷങ്ങളുടെ വെട്ടിപ്പുകേസില്‍ ഈ ജഡ്ജിയദ്ദേഹം റെയ്ഡ് ചെയ്യപ്പെട്ട് തെളിവുകള്‍ കിട്ടിയശേഷമാണ് ഈ അനുമതിനിഷേധമെന്നോര്‍ക്കണം. രസമതുമല്ല, പെന്‍ഷനായതിന്റെ പിറ്റേന്ന് ബഹുമാന്യപ്രതി അറസ്റ്റിലാവുന്നു. കാരണം, പെന്‍ഷനായ, ജഡ്ജിമാരെ പഴിക്കാന്‍ ചീഫ് ജസ്റ്റിസിന്റെ അനുമതിവേണ്ട. ജുഡീഷ്യറിക്ക് ലോക്പാല്‍ ബില്ലിന്റെ ഇമ്യൂണിറ്റി കല്‍പിച്ചിരിക്കുന്നത്, അതിന്റെ സ്വതന്ത്രത സൂക്ഷിക്കാനെന്നപേരിലാണ്. പെന്‍ഷനാകുവോളം തോന്ന്യാസ്യം കാണിക്കാനും അതിന് പരിചപിടിക്കാനുമുള്ള ഈ കല്‍പിത സ്വതന്ത്രതയുടെ പ്രത്യക്ഷ ഫലങ്ങളിലൊന്നുകൂടി കേള്‍ക്കുക: കഴിഞ്ഞ 20 കൊല്ലത്തില്‍ ഒരൊറ്റ ജഡ്ജിയുടെ കേസില്‍ മാത്രമാണ് ചീഫ് ജസ്റ്റിസിന്റെ പച്ചക്കൊടി കിട്ടിയത്. കീഴ് ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് അടിച്ചുമാറ്റിയതുതൊട്ട് ബെല്ലാരി ബ്രദേഴ്‌സിനെ വെല്ലുന്ന ഭൂമികുംഭകോണങ്ങള്‍ വരെ നടത്തിയ ജഡ്ജിപ്പട സ്വതന്ത്രവിഹാരം നടത്തുന്നു. അഴിമതിയുടെ പുത്തന്‍ അടിയന്തര സാഹചര്യം കലശലായി ആവശ്യപ്പെടുന്നതാണ് ജുഡീഷ്യറിയെ ഓംബുഡ്‌സ്മാന്റെ നിരീക്ഷണ പരിധിയിലാക്കുക എന്നത്. സര്‍ക്കാര്‍ പറയുന്ന പോംവഴി, ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ബില്‍ വരുന്നുണ്ടെന്നതാണ്. ആ ബില്ലിലെ വ്യവസ്ഥകളാണ് കെങ്കേമം. അഴിമതി നടത്തുന്ന ജഡ്ജിമാരെ ശിക്ഷിക്കാന്‍ അതിലും വകുപ്പില്ല. അഴിമതി എന്നൊരു പദപ്രയോഗം പോലുമില്ല. പകരം, ജഡ്ജിമാരുടെ 'പെരുമാറ്റപ്പിശക്' അന്വേഷിക്കുന്നതിനാണ് വകുപ്പുള്ളത്. നടപടിക്കാര്യത്തെപ്പറ്റി പരാമര്‍ശമേയില്ല.
ഇനി സ്ഥലത്തെ പ്രധാന ദിവ്യന്മാരുടെ കാര്യമെടുക്കാം- എം.പിമാര്‍. പാര്‍ലമെന്റിന്റെ ഇരുസഭകള്‍ക്കുള്ളിലും ടിയാന്മാര്‍ നടത്തുന്ന കലാപരിപാടികള്‍ എത്തിനോക്കാന്‍പോലും ലോക്പാലിന് അധികാരമുണ്ടായിരിക്കില്ല. നടക്കുപുറത്തെ നീക്കുപോക്കുകള്‍ വേണമെങ്കില്‍ നോക്കാം. പാര്‍ലമെന്റിനു പുറത്ത് ഒരു എം.പിക്ക് എന്താണു പണി? എം.പി ഫണ്ടിന്റെ അടിസ്ഥാനത്തിലുള്ള പദ്ധതികള്‍ പ്രഖ്യാപിക്കാം. പക്ഷേ, ആയതിന്റെ നടത്തിപ്പൊക്കെ ജില്ലാ കലക്ടര്‍ തൊട്ട് താഴോട്ടുള്ള ഉദ്യോഗസ്ഥരുടെ പണിയാണ്. ഫലത്തില്‍, എം.പിമാര്‍ ലോക്പാലിന്റെ പരിധിയിലാണെന്ന ഭംഗിവാക്ക് ഉറക്കെ പറയുകയും അവരുടെ യഥാര്‍ഥ പ്രവര്‍ത്തനങ്ങളെ ഓംബുഡ്‌സ്മാന്റെ പരിധിയില്‍നിന്ന് സമര്‍ഥമായി ഒഴിവാക്കിയെടുക്കുകയുമാണ് നിര്‍ദിഷ്ട ബില്‍ ചെയ്യുന്നത്. 'വോട്ടിന് കോഴ' തൊട്ട് കോര്‍പറേറ്റുകളുടെ ദല്ലാള്‍പ്പണിവരെ ചെയ്യുന്ന നമ്മുടെ ജനപ്രതിനിധിവീരന്മാര്‍ സ്വയം റെഗുലേറ്റ് ചെയ്തുകൊള്ളുമെന്ന പഴയ പല്ലവി സര്‍ക്കാര്‍ പാടാതെ പാടുന്നു. അതുകൊണ്ടാണ് തുടക്കത്തിലേ പറഞ്ഞത്, ഈ നിയമത്തെ കക്ഷിഭേദമന്യേ നമ്മുടെ പാര്‍ലമെന്റംഗങ്ങള്‍ കൈയടിച്ചു പാസാക്കുമെന്ന് ( ചില്ലറ മുറുമുറുപ്പുമായി ഇടതുപക്ഷം ഇപ്പഴേയുണ്ട്. അതും പക്ഷേ എം.പിമാരുടെ കാര്യത്തിലെത്തുമ്പോള്‍ സസന്തോഷം വിഴുങ്ങും).
അടുത്ത ഇനം 'സാറന്മാ'രാണ് രാജ്യഭരണത്തിലെ നവീന ഫ്യൂഡല്‍ മാടമ്പികള്‍. അവരില്‍ അണ്ടര്‍ സെക്രട്ടറിക്കു മീതെയുള്ള ഗണത്തെ മാത്രമാണ് നിര്‍ദിഷ്ട ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. എന്നുവെച്ചാല്‍, കഷ്ടി രണ്ടായിരം പേര്‍ മാത്രംവരുന്ന വരേണ്യസംഘം. കേന്ദ്ര സര്‍ക്കാറില്‍തന്നെ പിന്നെയുമുണ്ട് 63,000ല്‍പരം ഉദ്യോഗസ്ഥര്‍. അവരുടെ കാര്യം നിലവിലുള്ള നിയമങ്ങളും അഴിമതിവിരുദ്ധ ഏജന്‍സികളും കൂടി നോക്കിക്കോളുമെന്നാണ് വിശദീകരണം. കര്‍ണാടക ലോകായുക്ത സന്തോഷ് ഹെഗ്‌ഡെ കഴിഞ്ഞയാഴ്ച കൊടുത്ത റിപ്പോര്‍ട്ട് മാത്രമൊന്നു നോക്കുക: ബെല്ലാരിയില ഒരു ഖനിയുടെ മതിപ്പുവില 1.4 കോടി. അതു സംഘടിപ്പിക്കാന്‍ ഒരു സ്വകാര്യ കമ്പനി മൂലം മുഖ്യമന്ത്രിയുടെ കുടുംബത്തിനു കൊടുത്തത് 20 കോടി. മുഖ്യനടക്കം നാലു മന്ത്രിമാര്‍ തൊട്ട് 786 ഉദ്യോഗസ്ഥര്‍  വരെയാണ് ഈ വിപുല കോഴക്കേസിലെ പ്രത്യക്ഷകണ്ണികള്‍. മുതിര്‍ന്ന ഐ.എ.എസ്, ഐ.എഫ്.എസ് (എ-ഗ്രൂപ്പ്) ഉദ്യോഗസ്ഥര്‍ തൊട്ട് എല്‍.ഡി ക്ലര്‍ക്ക് വരെയുള്ള ശൃംഖലയില്‍ത്തന്നെയാണ് സര്‍ക്കാരു പറയുന്ന 'അഴിമതി വിരുദ്ധ ഏജന്‍സിക്കാ'രുമുള്ളത്. ഈ കേസില്‍ കോഴ കൈപ്പറ്റിയവര്‍ മാത്രമാണോ പ്രതികള്‍? 1.4 കോടിയുടെ മുതലിന് 20 കോടി കൊടുത്ത വ്യവസായികള്‍ പുതിയ ലോക്പാല്‍ നിയമവിദഗ്ധരുടെ കണ്ണില്‍ കുറ്റക്കാരനേയല്ല. അനുവദിക്കപ്പെട്ട ഖനിയുടെ പരിധിക്കുപുറത്തും ഖനനം നടത്തുക, കിട്ടിയ ഉരുപ്പടി നികുതി രഹിതമായി കടത്തുക എന്നിങ്ങനെ കൈക്കൂലിക്കപ്പുറം രണ്ട് ദേശീയ തട്ടിപ്പുകള്‍കൂടി നിര്‍വഹിക്കുന്ന മിടുക്കരെയാണ് ഇങ്ങനെ കാണുന്നതെന്നോര്‍ക്കണം.
ഇന്ന് ഇതൊരു ദേശീയ നയമാണ്. അഴിമതി പിടികിട്ടാത്തലത്തിലേക്ക്  വികസിച്ചത് അതിനുപറ്റിയ സാമ്പത്തിക നയം കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചതുമുതലല്ലേ? നാട്ടിലെ പ്രകൃതി വിഭവങ്ങളും പൊതുസ്വത്തും സര്‍ക്കാറിനൊരു റോയല്‍റ്റി നല്‍കുകയേ വേണ്ടൂ, ആര്‍ക്കും യഥേഷ്ടം കൈയേറാം. അവരുടെ സൗകര്യാര്‍ഥം, ലക്ഷക്കണക്കിനു മനുഷ്യരെ കുടിയൊഴിക്കാം, ഏതു വിഭവമേടയും വസൂലാക്കാം. ഇതൊക്കെ തടയാന്‍ കല്‍പിച്ചിരുന്ന പരമ്പരാഗത നിയമങ്ങളും ഏജന്‍സികളും ബോധപൂര്‍വം ദുര്‍ബലപ്പെടുത്തിക്കൊണ്ട് 'സാമ്പത്തിക വളര്‍ച്ച' എന്ന ഏക മാത്ര മുദ്രാവാക്യത്തിന്‍കീഴില്‍ പൗരാവലിയെ ബന്ദികളാക്കുന്ന നയത്തിന്റെ സ്വാഭാവിക പരിണതിമാത്രമാണ് അഴിമതിക്കാര്യത്തിലെ തത്സമയ അടിയന്തരസ്ഥിതി. ആ സ്ഥിതിയുടെ ഗുരുതരനില പ്രമാണിച്ച്, സമ്മര്‍ദഫലമായി തയാര്‍ചെയ്യപ്പെടുന്ന ലോക്പാലിന്റെ ഗതി നോക്കുക. ലളിതമായിപറഞ്ഞാല്‍, കഷ്ടിച്ചു രണ്ടായിരം ഉദ്യോഗസ്ഥ പ്രഭുക്കളെ മാത്രം വിരട്ടാനുള്ള കടലാസുപുലി! ഇതിനുവേണ്ടിയായിരുന്നോ കണ്ട പുകിലൊക്കെ?
ഇതിലുംഭേദം ലോക്പാല്‍ ഇല്ലാത്തതായിരുന്നില്ലേ? കോഴിക്കു മുലവരും, വരും എന്ന ഭീഷണിയെങ്കിലും അന്തരീക്ഷത്തില്‍ നിലനിര്‍ത്താമായിരുന്നു. അണ്ണാ  ഹസാരേക്ക് അടുത്ത ഉണ്ണാ വ്രതമിരിക്കാം-ടി  ഭീഷണിയുടെ സാധ്യതകൂടി അടച്ചതിനുള്ള പശ്ചാത്താപമായി.

Comments

0 comments to "കോഴിക്ക് മുലവന്നപ്പോള്‍.."

Post a Comment

 

Copyright 2008 All Rights Reserved Revolution Two Church theme by Brian Gardner Converted into Blogger Template by Bloganol dot com