By Davis Anthony in REPORTER
- ഇന്ത്യയില്‍ , ഇന്നത്തെ ദേശീയ സംവാദത്തിന്റെ കേന്ദ്ര ബിന്ദു അഴിമതിയാണ്. പാര്‍ലമെന്റും, അച്ചടി-ദൃശ്യമാധ്യമങ്ങളും സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളുമെന്നു വേണ്ട രാജ്യത്തിന്റെ മുക്കിലും മൂലയിലുമെല്ലാം ഏറ്റവും ചൂടേറിയ ചര്‍ച്ചാ വിഷയം ഇതുതന്നെ. കാബിനറ്റ് മന്ത്രിമാരും വന്‍കിട കോര്‍പ്പറേറ്റുകളും ഉള്‍പ്പെട്ട അഴിമതി ആരോപണ പരമ്പരകള്‍ തന്നെ ഉയര്‍ന്നു വരുന്നത് വന്‍തോതിലുള്ള ബഹുജനരോഷം ഉളവാക്കിയിട്ടുണ്ട്. ലോക്പാല്‍ ബില്‍ എന്ന പേരില്‍ ഒരു നിയമ നിര്‍മ്മാണത്തിന് നടപടി സ്വീകരിക്കാന്‍ ഇത് സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയിട്ടുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ എടുത്താല്‍ ലോക്പാല്‍ എന്നത് ഒരു ഓംബുഡ്സ്മാന്‍ ആണ്. എന്നാല്‍ ഇന്ത്യയില്‍ , ഉന്നതസ്ഥാനങ്ങളിലെ അഴിമതി തടയാനുള്ള ഒരു കാവലാളായി. മുതലാളിത്തവും അഴിമതിയും അഴിമതി ഒരു പുതിയ പ്രതിഭാസമോ ഇന്ത്യ പോലുള്ള മൂന്നാം ലോക രാജ്യങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതോ അല്ല. അമേരിക്കയും ഇംഗ്ലണ്ടും പോലുള്ള വികസിത മുതലാളിത്ത രാജ്യങ്ങളും അഴിമതി വൈറസിന്റെ അണുബാധയില്‍ നിന്ന് മുക്തമല്ല. മുതലാളിത്ത വ്യവസ്ഥയില്‍ ആഴത്തില്‍ വേരൂന്നിയ ഒരു സാര്‍വ്വലൗകിക പ്രതിഭാസമാണ് അഴിമതി. മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ പ്രവര്‍ത്തനത്തില്‍ നിന്നും സ്വഭാവത്തില്‍ നിന്നും വേറിട്ട് ഇതിനെ മനസ്സിലാക്കാനോ വിശകലനം ചെയ്യാനോ വിശദീകരിക്കാനോ കഴിയില്ല. മൂലധനത്തിന്റെ ഒന്നാം വാല്യത്തിലെ മുപ്പത്തിയൊന്നാം അധ്യായത്തില്‍ ബ്രിട്ടീഷ് ട്രേഡ് യൂണിയന്‍ നേതാവായ ടി.ജെ. ഡണ്ണിങ്ങിനെ മാര്‍ക്സ് ഉദ്ധരിക്കുകയുണ്ടായി. "മതിയായ ലാഭമുണ്ടെങ്കില്‍ മുതലാളിത്തത്തിന് തികഞ്ഞ ധീരതയാണ്. 10% ലാഭം സുനിശ്ചിതമാണെങ്കില്‍ അത് എല്ലായിടത്തും അതിന്റെ നിയോഗം ഉറപ്പുവരുത്തും. 20% ലാഭം സുനിശ്ചിതമാണെങ്കില്‍ അത് ഔത്സുക്യം സൃഷ്ടിക്കും. 50% ലാഭമുണ്ടാക്കുമെങ്കില്‍ ധിക്കാരമായി. 100% ലാഭം കിട്ടുമെങ്കില്‍ അത് എല്ലാ മാനുഷികനിയമങ്ങളെയും ചവിട്ടിമെതിക്കും. 300% ലാഭം കിട്ടുമെന്നാണെങ്കില്‍ ഏതൊരു സാഹസികതക്കും ഏതൊരു കടുംകൈക്കും അത് സന്നദ്ധമാകും, സ്വന്തം ഉടമസ്ഥനെ തൂക്കിലേറ്റുന്നതടക്കം". മാര്‍ക്സിസ്റ്റ് വീക്ഷണകോണില്‍ നോക്കിയാല്‍ അഴിമതി മുതലാളിത്ത മൂലധന സമാഹരണത്തിന്റെയും ലാഭം പരമാവധിയാക്കുന്നതിന്റെയും പ്രക്രിയയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. എന്തു വിലകൊടുത്തും ലാഭം പരമാവധി കയ്യടക്കാനുള്ള ത്വരയാണ് അഴിമതിക്ക് അനുകൂലമായ പരിതഃസ്ഥിതി സൃഷ്ടിക്കുന്നത്. മൂലധനത്തില്‍ മാര്‍ക്സ് വിശദീകരിക്കുന്നതു പോലെ, മുതലാളിത്തത്തിലെ സാമ്പത്തിക വളര്‍ച്ചയുടെ ചാലകശക്തിയായ മൂലധനസമാഹരണ പ്രക്രിയ ചുരുക്കം കൈകളില്‍ മൂലധനം കേന്ദ്രീകരിക്കുന്നതിന് ഇടയാക്കുന്നു. ഈ മൂലധന സമാഹരണത്തിന്റെയും കേന്ദ്രീകരണത്തിന്റെയും പ്രക്രിയ ഭീമന്‍ കുത്തകകളെ സൃഷ്ടിക്കുന്നു. കൂടുതല്‍ കൂടുതല്‍ ലാഭം കൈവരിക്കാനും കൂടുതല്‍ വലിയ കുത്തകകളായി വളരാനുമുള്ള അവരുടെ ശ്രമത്തിനിടയില്‍ നിയമത്തിന്റേതായ തടസ്സങ്ങളേയും അതിരുകളേയുംതുടര്‍ച്ചയായി തള്ളിമാറ്റിക്കൊണ്ടിരിക്കും. മുതലാളിത്തത്തില്‍ പുതിയ സംരംഭങ്ങളില്‍ നിക്ഷേപംനടത്തുന്ന സാധാരണ പ്രക്രിയയിലൂടെ മാത്രമല്ല കൂടുതല്‍ ലാഭം കൈവരിക്കുന്നത്. കൊള്ളലാഭത്തിനായി, വന്‍കിട കുത്തകകള്‍ പൊതു ആസ്തികളും ഭൂമി, ധാതുക്കള്‍ , ജലം , സ്പെക്ട്രം തുടങ്ങിയ പൊതുവിഭവങ്ങളും സ്വകാര്യവല്‍ക്കരണത്തിലൂടെ കയ്യടക്കുന്നത് മുതലാളിത്തത്തില്‍ പലപ്പോഴും സംഭവിക്കാറുള്ളതാണ്. വന്‍കിടകുത്തകകളുടെ ശക്തിയില്‍ വന്‍തോതിലുള്ള വര്‍ദ്ധനയുണ്ടായ ആഗോളവല്‍ക്കരണ ഘട്ടത്തില്‍ ഈ പ്രവണതയുടെ വേഗം കൂടിയിട്ടുണ്ട്. വര്‍ത്തമാനകാലത്തെ അഴിമതിയുടെ മുഖ്യ സ്രോതസ്സ് ഭരണകൂട ശക്തികളും വന്‍കിട കുത്തക മൂലധനവും തമ്മിലുള്ള കൂട്ടുകെട്ടാണ്. അഴിമതി : ഇന്ത്യന്‍ അനുഭവം അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും സഹായത്തോടെ ആഭ്യന്തര - വിദേശ കോര്‍പ്പറേറ്റ് ശക്തികള്‍ പൊതു ആസ്തികളും പ്രകൃതി വിഭവങ്ങളും പാട്ടും പാടി കൈക്കലാക്കുന്നതാണ് ഇന്ത്യയില്‍ നാമിന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ഈ വന്‍കിട കോര്‍പ്പറേറ്റ്-രാഷ്ട്രീയ-ഉദ്യോഗസ്ഥ കൂട്ടുകെട്ട് വിനാശകരമായ തലങ്ങളില്‍ എത്തിയിരിക്കുന്നു. ഇതാണ് അഴിമതിയുടെ പഴയതും പുതിയതുമായ രൂപങ്ങളെ വേര്‍തിരിക്കുന്ന പ്രധാന ഘടകം. ഇന്ത്യയിലെ സമീപകാല അഴിമതികളില്‍ ഉള്‍പ്പെട്ട പണത്തിന്റെ അളവ് അഭൂതപൂര്‍വ്വമാണ്. 2ജി സ്പെക്ട്രം ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അഴിമതിയില്‍ ദേശീയ ഖജനാവിനുണ്ടായ ഭീമമായ നഷ്ടം സി.എ.ജി.യുടെ കണക്കനുസരിച്ച് 1,76,000 കോടി രൂപയാണ്. കോമണ്‍വെല്‍ത്ത് ഗെയിംസ് കരാറുകള്‍ നല്‍കുന്നതിലുണ്ടായ അഴിമതി 70,000 കോടി രൂപയുടേതാണ്. സി.എ.ജി.യുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് കെ.ജി. (കൃഷ്ണ-ഗോദാവരി) തടത്തിലെ പ്രകൃതിവാതകം കുഴിച്ചെടുക്കുന്നതിന്റെ ചെലവ് പെരുപ്പിച്ചുകാണിച്ച ഇന്ത്യയിലെ ഏറ്റവും വലിയ കുത്തക കുടുംബമായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നടപടിയുടെ ഫലമായി ദേശീയ ഖജനാവിനുണ്ടായ നഷ്ടം തിട്ടപ്പെടുത്താനാവാത്തതാണ്. എണ്‍പതുകളില്‍ കോളിളക്കം സൃഷ്ടിച്ച ബോഫോഴ്സ് ഇടപാടിലെ കമ്മീഷന്‍ തുക 68 കോടി രൂപയായിരുന്നുവെന്ന് ഓര്‍ക്കുക. 2ജി സ്പെക്ട്രം ഇടപാടില്‍ രാജ്യത്തിനുണ്ടായ നഷ്ടം ബോഫോഴ്സ് അഴിമതിയില്‍ ഉള്‍പ്പെട്ട സംഖ്യയുടെ 2600 ഇരട്ടിയാണ്. 1.76 ലക്ഷം കോടി രൂപ എന്നാല്‍ 2008 ലെ ഇന്ത്യയുടെ മൊത്തം മൂലധനസമാഹരണത്തിന്റെ 10 ശതമാനമാണ്. ഈ കണക്കുകള്‍ സമീപകാലത്തെ അഴിമതികളുടെ അമ്പരപ്പിക്കുന്ന മാനങ്ങള്‍ വ്യക്തമാക്കുന്നതാണ്. സമീപദശകങ്ങളില്‍ അഴിമതി ഇത്ര രാക്ഷസീയമായി വളരാനുള്ള കാരണമെന്താണ്? 1991 മുതല്‍ പിന്തുടര്‍ന്നു വരുന്ന നവ ഉദാര നയങ്ങളുടെയും വളര്‍ച്ചാ മാതൃകയുടെയും ഫലമാണിത്. ഉദാരവല്‍ക്കരണത്തിന് മുമ്പ് ലൈസന്‍സ്-ക്വാട്ട-പെര്‍മിറ്റ് രാജിന്റെയും സാമ്പത്തിക പ്രവര്‍ത്തനങ്ങളിലുള്ള അമിതമായ സര്‍ക്കാര്‍ ഇടപെടലിന്റെയും ദൂഷ്യഫലമായിട്ടാണ് അഴിമതി വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഉദാരവല്‍ക്കരണത്തിന്റെ വക്താക്കള്‍ നമ്മോട് പറഞ്ഞത് സ്വകാര്യ മൂലധനത്തെ സ്വതന്ത്രമാക്കുന്നതും കമ്പോള ശക്തികളെ കെട്ടഴിച്ചുവിടുന്നതും ഭരണകൂട ഇടപെടലുകള്‍ വെട്ടിക്കുറക്കുന്നതും ഉയര്‍ന്ന സാമ്പത്തികവളര്‍ച്ച ത്വരിതപ്പെടുത്തുകയും വിവേചനാധികാരങ്ങള്‍ നീക്കം ചെയ്യുന്നതിലൂടെ സമ്പദ് വ്യവസ്ഥയെ നിയന്ത്രണമുക്തമാക്കുന്ന നടപടികള്‍ നയരൂപീകരണത്തില്‍ സുതാര്യത ഉറപ്പുവരുത്തുകയും വന്‍തോതില്‍ അഴിമതി കുറയുന്നതിലേക്ക് യുക്തിസഹമായി നയിക്കുകയും ചെയ്യുമെന്നായിരുന്നു. എന്തായാലും, ഇന്ത്യന്‍വരേണ്യ വര്‍ഗ്ഗ ഉദാരവല്‍ക്കരണത്തിന്റെ ഇരുപതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ബഹുശതകോടികള്‍ ഉള്‍പ്പെട്ട മെഗാ അഴിമതികള്‍ ഈ അവകാശവാദങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്നു കാണിച്ചിരിക്കുന്നു. ഇന്ത്യയുടെ വളര്‍ച്ചാ ചരിത്രം വികസിത മുതലാളിത്ത രാജ്യങ്ങള്‍ പോലും തങ്ങളുടെ സമ്പദ് വ്യവസ്ഥകളെ താങ്ങിനിര്‍ത്താന്‍ വിഷമിച്ച ഘട്ടത്തില്‍ പോലും ഉയര്‍ന്ന ജി.ഡി.പി. വളര്‍ച്ച നിരക്ക് നിലനിര്‍ത്തിയ ചുരുക്കം സമ്പദ്ഘടനകളിലൊന്നാണ് ഇന്ത്യയുടേത് എന്നത് സത്യമാണ്. എന്നാല്‍ ഈ വളര്‍ച്ചയുടെ സ്വഭാവവും പ്രത്യാഘാതങ്ങളും കാണാതിരുന്നുകൂട. ദേശീയവരുമാനത്തില്‍ (ജി.ഡി.പി) ലാഭത്തിന്റെയും പലിശയുടെയും പങ്ക് ഗണ്യമായി പെരുകിയ, മുഖ്യമായും കോര്‍പ്പറേറ്റുകളാല്‍ നയിക്കപ്പെട്ട വളര്‍ച്ചയാണിത്. ജി.ഡി.പി.യില്‍ കൂലി വരുമാനത്തിന്റെ പങ്ക് കുറയുകയാണ് ഉണ്ടായത് എന്നും കാണണം. ഈ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച ഇന്ത്യന്‍ ജനതയുടെ മേല്‍ത്തട്ടിലെ ഒരു സൂക്ഷ്മ പാളിയെ അമിതമായി പോഷിപ്പിക്കുകയും അതിസമ്പന്നരുടെ ഒരു വര്‍ഗ്ഗത്തെ സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. 2011 ല്‍ ഫോബ്സ് മാസികയുടെ ഡോളര്‍ അടിസ്ഥാനത്തിലുള്ള ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഇടം പിടിച്ച ഇന്ത്യക്കാരുടെ എണ്ണം 55 ആയിരിക്കുന്നു. അവരുടെ ആകെ ആസ്തി ഇന്ത്യയുടെ ജി.ഡി.പി.യുടെ 15 ശതമാനം അഥവാ 25000 കോടി ഡോളര്‍ (ഏകദേശം 1125000കോടി രൂപ) വരും എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതാണ് തിളക്കമുള്ള വശമെങ്കില്‍ വൃത്തിഹീനവും ഇരുണ്ടതുമായ ഒരു വശം കൂടി ഈ വളര്‍ച്ചാ ചരിത്രത്തിനുണ്ട്. പ്രൊഫ. അര്‍ജുന്‍ സെന്‍ ഗുപ്തയുടെ നേതൃത്വത്തിലുള്ള അസംഘടിത മേഖലയെ സംബന്ധിച്ച ദേശീയകമ്മീഷന്റെ കണക്ക് പ്രകാരം ഇന്ത്യന്‍ ജനതയുടെ 77 ശതമാനം അതായത് 83.6 കോടി പേര്‍ ആളൊന്നിന് പ്രതിദിനം 20 രൂപയില്‍ താഴെ മാത്രമാണ് ജീവിതാവശ്യങ്ങള്‍ക്കായി ചെലവഴിക്കുന്നത്. കാര്‍ഷിക പ്രതിസന്ധിയും താങ്ങാനാവാത്ത കടഭാരവും കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ രണ്ടു ലക്ഷത്തിലേറെ കൃഷിക്കാരെ ആത്മഹത്യയിലേക്ക് നയിച്ചു. ഓരോ അരമണിക്കൂറിലും ഒരു കൃഷിക്കാരന്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്യുന്നു എന്നാണ് ദേശീയ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ഇന്ത്യന്‍ വളര്‍ച്ചയുടെ പിന്നിലുള്ള യഥാര്‍ത്ഥ കഥയിതാണ്. ഉദാരവല്‍ക്കരണ നയങ്ങള്‍ വാഗ്ദാനം ചെയ്ത സാമ്പത്തിക പുരോഗതിയുടെ ഗുണഫലങ്ങള്‍ കൊയ്തത് ഇന്ത്യന്‍ ജനസംഖ്യയിലെ സൂക്ഷ്മമായ ഒരു വിഭാഗം മാത്രമാണ് എന്നതാണ് വസ്തുത. ഗ്രാമങ്ങളിലും നഗരങ്ങളിലെ ചേരികളിലും ജീവിക്കുന്ന ബഹുഭൂരിപക്ഷം ജനങ്ങളും കൊടിയ ദാരിദ്ര്യം, പട്ടിണി, പോഷകാഹാരക്കുറവ്, തൊഴിലില്ലായ്മ എന്നിവയിലേക്ക് തള്ളിവിടപ്പെട്ടിരിക്കുന്നു. ഉദാരവല്‍കൃതകാലത്തെ അഴിമതി ഉദാരവല്‍ക്കരണത്തിനു കീഴില്‍ ഭരണകൂടത്തിന്റെ പങ്ക് സ്വകാര്യ മൂലധനത്തെ നിയന്ത്രിക്കുന്നതില്‍ നിന്ന് അതിന് സൗകര്യമൊരുക്കിക്കൊടുക്കുന്നതായി മാറിയിട്ടുണ്ട്. ഭരണകൂടത്തിന്റെ ഈ പുനര്‍നിര്‍വ്വചിക്കപ്പെട്ട പങ്കിന്റെ അര്‍ത്ഥം സ്വകാര്യ മൂലധനത്തിന് ലാഭം വര്‍ദ്ധിപ്പിക്കാനുള്ള പുതിയ പാതകള്‍ തുറന്നു കൊടുക്കുക എന്നതാണ്. ഇവിടെയാണ് നിയമപരവും നിയമവിരുദ്ധമായതിനുമിടയിലുള്ള അതിരുകള്‍ മാഞ്ഞുപോകുന്നത്. ഉദാഹരണത്തിന്, 2ജിസ്പെക്ട്രം വിതരണം സംബന്ധിച്ച സി.എ.ജി. റിപ്പോര്‍ട്ടില്‍ വന്‍കിട കോര്‍പ്പറേറ്റുകളെ സഹായിക്കാന്‍ ചട്ടങ്ങളും വ്യവസ്ഥകളും നടപടിക്രമങ്ങളും നഗ്നമായി ലംഘിച്ചത് എങ്ങനെയെന്ന് ചൂണ്ടിക്കാണിക്കുന്നു. സി.എ.ജി. പറയുന്നു: "ലൈസന്‍സുകള്‍ അനുവദിക്കുന്ന പ്രക്രിയയാകെ സുതാര്യതയില്ലാതെയും വിവേചനപരവും ന്യായരഹിതവും അസന്തുലിതവുമായ രീതിയിലാണ് നടന്നത്&വലഹഹശു;&വലഹഹശു;&വലഹഹശു;..ടെലികോം വകുപ്പ് 2001 ലെ വിലയ്ക്ക് 2008 ല്‍ 122 പുതിയ 2 ജി സ്പെക്ട്രം ലൈസന്‍സുകള്‍ അനുവദിച്ചത് ധനകാര്യ യുക്തിയും ചട്ടങ്ങളും നടപടിക്രമങ്ങളും മുഴുവന്‍ ലംഘിച്ചുകൊണ്ടാണ്. ടെലികോം വകുപ്പ് അവര്‍ തന്നെ നിശ്ചയിച്ച യോഗ്യതാ നിബന്ധനകള്‍ പാലിച്ചില്ല. അപേക്ഷകള്‍ സ്വീകരിക്കാനുള്ള അന്തിമ തീയതി വിവേചന പരമായി പിന്നീട് മാറ്റുകയും ന്യായവും മതിയായതുമായ കാരണങ്ങളില്ലാതെ ആദ്യം വന്നവര്‍ക്ക് ആദ്യം എന്ന നടപടിക്രമത്തിന്റെ വ്യവസ്ഥകള്‍ നിര്‍ണായക ഘട്ടങ്ങളില്‍ മാറ്റിമറിക്കുകയും ചെയ്തു. ഇതെല്ലാം ചില കമ്പനികള്‍ക്ക് മറ്റുള്ളവയ്ക്കു മേല്‍ അന്യായമായ മുന്‍തൂക്കം നല്‍കി".&ൃറൂൗീ; (ഖണ്ഡിക 6.2 പേജ് 57 2ജിസ്പെക്ട്രം അനുവദിച്ചത് സംബന്ധിച്ച സി.എ.ജി. റിപ്പോര്‍ട്ട്) സി.എ.ജി. കുറ്റപ്പെടുത്തുന്ന മുന്‍ ടെലികോം മന്ത്രി നിരന്തരം അവകാശപ്പെട്ടുകൊണ്ടിരുന്നത് 2001ലെ വിലയ്ക്ക് 2008ല്‍ സ്പെക്ട്രം അനുവദിച്ച തന്റെ നടപടി ടെലികോം മേഖലയില്‍ എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ ലഭ്യമാക്കാനും മത്സരം ഉറപ്പുവരുത്താനും ഉദ്ദേശിച്ചുള്ള നടപടികളായിരുന്നുവെന്നാണ്. യഥാര്‍ത്ഥത്തില്‍ അദ്ദേഹം ചെയ്തത് വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് ഭീമമായി സാമ്പത്തികനേട്ടമുണ്ടാക്കാന്‍ മറയില്ലാതെ സഹായിക്കുകയും അതിന്റെ പ്രതിഫലമായി സ്വന്തമായി നേട്ടമുണ്ടാക്കുകയുമായിരുന്നു. ഈ മന്ത്രി തന്റെ കൂട്ടു പ്രതികളായ ബിസ്സിനസ്സുകാര്‍ക്കും ഉദ്യോഗസ്ഥ പ്രമുഖര്‍ക്കുമൊപ്പം ഇപ്പോള്‍ ജയിലിലാണ്. കേസ് സുപ്രീം കോടതിയില്‍ നടന്നുവരികയുമാണ്. പ്രകൃതി വിഭവങ്ങള്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് തുച്ഛമായ വിലയ്ക്ക് വിറ്റ്തുലക്കാന്‍ ചട്ടങ്ങള്‍ വളച്ചൊടിക്കുന്ന സംഭവങ്ങള്‍ ദേശീയ തലത്തില്‍ ഒതുങ്ങി നില്‍ക്കുന്നില്ല. കര്‍ണ്ണാടക പോലുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഖനന മേഖലയുടെ സ്വകാര്യവല്‍ക്കരണത്തെത്തുടര്‍ന്ന് ഖനി മാഫിയ വളര്‍ന്നുവന്നിരിക്കുന്നു. തങ്ങള്‍ക്കിഷ്ടമുള്ളവരെ അധികാരത്തിലേറ്റാനും എതിരായവരെ താഴെയിറക്കാനും കഴിയുന്ന വിധത്തില്‍ അവിടുത്തെ രാഷ്ട്രീയത്തിലും ഭരണകക്ഷിയിലും ഖനിമാഫിയ പിടിമുറുക്കിയിരിക്കുന്നു. നികുതിവെട്ടിപ്പും കള്ളപ്പണത്തിന്റെ ഉല്‍പ്പാദനവുമാണ് ഉദാരവല്‍ക്കരണകാലത്ത് അഴിമതിയുടെ മറ്റൊരു പ്രധാന സ്രോതസ്സ്. നികുതി അടയ്ക്കാതെ ഇന്ത്യയിലേക്ക് പണമൊഴുക്കുന്നതിന്റെ ഒരു പ്രധാന പാത ഇന്ത്യയും മൗറീഷ്യസും തമ്മില്‍ ഉണ്ടാക്കിയിട്ടുള്ള ഇരട്ട നികുതി ഒഴിവാക്കല്‍ കരാര്‍ ആണ്. ഇന്ത്യയിലേക്കുള്ള പ്രത്യക്ഷ വിദേശ നിക്ഷേപത്തിന്റെ (എഉക) 40% വും ഈ മൗറീഷ്യസ് പാതയിലൂടെയാണെന്ന കാര്യം ശ്രദ്ധേയമാണ്. ഈ വിദേശനിക്ഷേപത്തിന്റെ ഏറിയ പങ്കും നികുതി വെട്ടിക്കാന്‍ വേണ്ടി മൗറീഷ്യസിലൂടെ കറങ്ങി രാജ്യത്തേക്ക് തിരിച്ചുവരുന്ന ഇന്ത്യന്‍ പണം തന്നെയാണെന്നാണ് വ്യാപകമായി സംശയിക്കപ്പെടുന്നത്. 2ജി, ഐ.പി.എല്‍ തുടങ്ങിയ സമീപകാലത്തെ അഴിമതിക്കേസുകള്‍ക്കെല്ലാം ഒരു മൗറീഷ്യസ് ബന്ധം കാണാനാവും. മൗറീഷ്യസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കടലാസ് കമ്പനികളെ ഉപയോഗിച്ചാണ് നഗ്നമായ നികുതി വെട്ടിപ്പും പണം ഇരട്ടിപ്പിക്കലും മറ്റു തട്ടിപ്പുകളും നടത്തിക്കൊണ്ടിരിക്കുന്നത്. മൗറീഷ്യസുമായുള്ള ഇരട്ട നികുതി ഒഴിവാക്കല്‍ കരാര്‍ റദ്ദാക്കുകയോ പൊളിച്ചെഴുതുകയോ ചെയ്യണമെന്ന രാഷ്ട്രീയാവശ്യം ശക്തമായി ഉയര്‍ന്നിട്ടും കോര്‍പ്പറേറ്റ് ലോബിയുടെ അതിശക്തമായ സമ്മര്‍ദ്ദം മൂലം കേന്ദ്രസര്‍ക്കാര്‍ അനങ്ങിയിട്ടില്ല. ഗ്ലോബല്‍ ഫൈനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി (ഏഎക) അടുത്തകാലത്ത് നടത്തിയ പഠനം ഇന്ത്യയില്‍ നിന്നുള്ള നിയമവിരുദ്ധമായ മൂലധന പ്രവാഹം സംബന്ധിച്ച് ചില കണക്കുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പഠനത്തിന് നേതൃത്വം നല്‍കിയ ഐ.എം.എഫി ലെ മുതിര്‍ന്ന ധനശാസ്ത്രജ്ഞനും ജി.എഫ്.ഐയിലെ ഇപ്പോഴത്തെ മുഖ്യ ധനശാസ്ത്രജ്ഞനുമായ ദേവ്കര്‍ ഈ മൂലധന പ്രവാഹം ഇന്ത്യക്കു പുറത്തുള്ള കേന്ദ്രങ്ങളിലേക്ക് പണം കടത്തിക്കൊണ്ടുപോകുന്നതിന് കാരണമായിട്ടുണ്ട് എന്ന് ചൂണ്ടിക്കാണിക്കുന്നു. അവരുടെ പഠനമനുസരിച്ച് 1948 നും 2008 നുമിടയ്ക്കുള്ള 60 വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ നിന്ന് നിയമവിരുദ്ധമായി പുറത്തേക്ക് ഒഴുകിയ പണം ഏതാണ്ട് 21300കോടി ഡോളറാണ്. ഇപ്പോഴത്തെ മൂല്യം കണക്കാക്കുമ്പോള്‍ 46200 കോടി (ഏകദേശം 21 ലക്ഷം കോടി രൂപ)ഡോളര്‍ വരും. ഈ തുക 2008 ലെ ഇന്ത്യയുടെ ദേശീയ വരുമാനത്തിന്റെ 36 ശതമാനം ആണ്. പഠന റിപ്പോര്‍ട്ടിലെ ഒരു പ്രധാന നിരീക്ഷണം 1991 ല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഉദാരവല്‍ക്കരിക്കപ്പെട്ടതിന് ശേഷമാണ് ഈ പ്രക്രിയയുടെ വേഗം കൂടിയത് എന്നാണ്. റിപ്പോര്‍ട്ടനുസരിച്ച് സ്വാതന്ത്ര്യത്തിന്ശേഷം ഇന്ത്യയില്‍ നിന്നുള്ള കള്ളപ്പണമൊഴുക്കിന്റെ 68 ശതമാനവും 1991 നു ശേഷമാണ് ഉണ്ടായത്. പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നതിന് മുമ്പ് കള്ളപ്പണമൊഴുക്ക് 9.1 ശതമാനം എന്ന വാര്‍ഷിക ശരാശരിയില്‍ വളര്‍ന്നിരുന്നത് പരിഷ്കാരങ്ങള്‍ക്കു ശേഷം 16.4 ആയി വര്‍ദ്ധിച്ചു എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 2002 നും 2006 നും ഇടയില്‍ മാത്രം പ്രതിവര്‍ഷം ശരാശരി 1600 കോടി ഡോളര്‍ (ഏകദേശം 72000 കോടി രൂപ) വീതം ഇന്ത്യക്ക് നഷ്ടപ്പെട്ടു എന്നും ജി.എഫ്.ഐ. റിപ്പോര്‍ട്ട് പറയുന്നു. അനുഭവങ്ങള്‍ തെളിയിക്കുന്നത് ഉദാരവല്‍ക്കരണം അഴിമതി കുറച്ചില്ല എന്നു മാത്രമല്ല അതിനെ പ്രോത്സാഹിപ്പിക്കുകയും അതിന്റെ വ്യാപ്തിയും മാനവും അമ്പരപ്പിക്കും വിധം വര്‍ദ്ധിപ്പിക്കുകയും ചെയ്തു എന്നാണ്. ലളിതമായി പറഞ്ഞാല്‍ പരിഷ്കാരങ്ങള്‍ക്ക് മുമ്പുള്ള കാലയളവില്‍ റീട്ടെയ്ല്‍ അഴിമതിയായിരുന്നെങ്കില്‍ , പരിഷ്കാരാനന്തരം മൊത്തമായ മെഗാ അഴിമതിയാണ് നടക്കുന്നത്. ഇതാകട്ടെ രാജ്യത്തെ നയരൂപീകരണത്തിന്റെയും തീരുമാനം എടുക്കുന്നതിന്റെയും ഏറ്റവും ഉന്നതമായ തലങ്ങളിലാണ് ഉല്‍ഭവിക്കുന്നതും. വഴിതെറ്റുന്ന ജനാധിപത്യം വളരുന്ന അഴിമതി ഇന്ത്യന്‍ ജനാധിപത്യത്തിന് ഭീഷണിയാണ്. ജനാധിപത്യത്തിന്റെ അടിത്തറയായ തെരഞ്ഞെടുപ്പ് പ്രക്രിയ തന്നെ വര്‍ദ്ധിച്ച തോതില്‍ ധന ശക്തിയുടെ സ്വാധീനത്തിനും ദുരുപയോഗത്തിനും വിധേയമായിത്തീരുന്നത് കാണാം. ഈയിടെ അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിനിടയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്ത അനധികൃത പണം 74കോടി രൂപയാണ്. ഇതില്‍ 60 കോടി രൂപയും തമിഴ്നാട്ടില്‍ നിന്നു മാത്രമായിരുന്നു. 2ജി സ്പെക്ട്രം ഇടപാടിലൂടെ അവിഹിതമായി സ്വന്തമാക്കിയ പണം തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പില്‍ വ്യാപകമായി ഉപയോഗിച്ചു എന്നാണ് കരുതപ്പെടുന്നത്. ഇടതുപക്ഷ വിരുദ്ധ ശക്തികളുടെ പ്രചരണത്തിനായി ധാരാളം പണമൊഴുക്കിയ പശ്ചിമ ബംഗാളില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ 8 കോടി രൂപ പിടിച്ചെടുക്കുകയുണ്ടായി. ധനശക്തിയുടെ വന്‍തോതിലുള്ള ഈ ഉപയോഗം തെരഞ്ഞെടുപ്പ് പ്രക്രിയയെ മലിനീകരിക്കുകയാണ്. പാര്‍ലമെന്റിന്റെയും സംസ്ഥാന നിയമസഭകളുടെയും ഉള്ളടക്കവും ഘടനയും മാറിക്കൊണ്ടിരിക്കുകയാണ്. ലോക്സഭയില്‍ 545 അംഗങ്ങളില്‍ 300ലേറെപ്പേരും കോടീശ്വരന്‍മാരോ ശതകോടീശ്വരന്‍മാരോ ആണ്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ്, നാഷണല്‍ ഇലക്ഷന്‍ വാച്ച് എന്നീ സംഘടനകള്‍ നടത്തിയ ഒരു പഠനമനുസരിച്ച് 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മല്‍സരിച്ച സിറ്റിങ്ങ് എം.പി.മാരുടെ ആസ്തിയില്‍ അഞ്ചുവര്‍ഷത്തിനിടെ ഉണ്ടായ വര്‍ദ്ധനവ് 289 ശതമാനം ആയിരുന്നു. ഈയിടെ തെരഞ്ഞെടുപ്പ് നടന്ന ബംഗാള്‍ , ആസ്സാം, തമിഴ്നാട്, കേരളം, പുതുശ്ശേരി എന്നിവിടങ്ങളില്‍ കോടീശ്വരന്മാരായ എം.എല്‍ .എമാരുടെ എണ്ണം 2006ല്‍ 97 ആയരുന്നെങ്കില്‍ 2011 ല്‍ 268 ആയി ഉയര്‍ന്നു. വന്‍കിട ബിസിനസ്സും രാഷ്ട്രീയവും തമ്മില്‍ വളര്‍ന്നു വരുന്ന കൂട്ടുകെട്ടിന്റെ ഭാഗമായി ശക്തിപ്പെടുന്ന രാഷ്ട്രീയ ശക്തിയും പണശക്തിയും തമ്മിലുള്ള ബന്ധത്തിലേക്ക് വെളിച്ചം വീശുന്ന കണക്കുകളാണിവ. ജനാധിപത്യത്തിലെ മറ്റ് സുപ്രധാന സ്ഥാപനങ്ങളായ ജുഡീഷ്യറിയും മാധ്യമങ്ങളും അഴിമതിയില്‍ നിന്ന് മുക്തമല്ല. സുപ്രീംകോടതിയിലെ ചീഫ് ജസ്റ്റീസുമാരുള്‍പ്പെടെയുള്ള മുന്‍ ജഡ്ജിമാര്‍ക്കെതിരായി ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുകയും അന്വേഷണം നടക്കുകയും ചെയ്യുന്നു. പണം നല്‍കി വാര്‍ത്ത (ജമശറ ചലംെ)പ്രതിഭാസം പരിമിതമായ മാധ്യമ സ്വാതന്ത്ര്യത്തിനു നേരെ ഉയര്‍ന്നിരിക്കുന്ന വലിയ വെല്ലുവിളിയാണ്. എല്ലാ ജനാധിപത്യ സ്ഥാപനങ്ങളിലും ആഴ്ന്നിറങ്ങിക്കഴിഞ്ഞ അഴിമതി വര്‍ത്തമാനകാല സമൂഹത്തിലെ ധാര്‍മ്മിക മൂല്യത്തിന്റെ അപചയത്തിന്റെ ലക്ഷണം കൂടിയാണ്. ഏത് വിധേനയും പണം വാരിക്കൂട്ടുന്നത് ആഘോഷിക്കപ്പെടുകയും അന്തമില്ലാത്ത ആര്‍ത്തിയും ലാഭാസക്തിയും ഭ്രാന്തുപിടിച്ച ഉപഭോഗപരതയും മേന്മകളായി ഗണിക്കപ്പെടുകയും ചെയ്യുന്ന കാലമാണ് നവ ഉദാരവത്കരണത്തിന്റേത്. ഇതാണ് ഇന്ത്യന്‍ ജനാധിപത്യത്തെ വഴിതെറ്റിക്കുന്നത്. അഴിമതി വിരുദ്ധ പ്രസ്ഥാനം ദശലക്ഷക്കണക്കിന് മനുഷ്യര്‍ കടുത്ത ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുകയും സാമൂഹിക-സാമ്പത്തിക അവസരങ്ങളുടെ നിഷേധം നേരിടുകയും ചെയ്യുന്ന ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് അഴിമതിയിലൂടെ പൊതുവിഭവങ്ങള്‍ കൊള്ളയടിക്കുന്നത് ഗുരുതരമായ ഒരു കുറ്റകൃത്യം തന്നെയാണ്. സാമ്പത്തിക പുരോഗതിയെ തടസ്സപ്പെടുത്തുന്നതിനു പുറമേ അഴിമതിയിലൂടെയുള്ള അനധികൃത സ്വത്ത് സമ്പാദനം അസമത്വങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും സമൂഹത്തിന്റെ ധാര്‍മ്മികാടിത്തറയെ നശിപ്പിക്കുകയും ചെയ്യും. സമീപകാല അഴിമതികള്‍ തീര്‍ച്ചയായും വന്‍തോതില്‍ ബഹുജനരോഷം സൃഷ്ടിച്ചിട്ടുണ്ട്. ഇതിനെ രാഷ്ട്രീയമായ സമഗ്രതയും പക്വതയുമുള്ള ഒരു അഴിമതി വിരുദ്ധ ജനകീയ പ്രസ്ഥാനമായി പരിവര്‍ത്തിപ്പിക്കേണ്ടതുണ്ട്. ഇപ്പോള്‍ പൗരസമൂഹ സംഘടനകളുടേയും സംഘടിത ഇടതുപക്ഷത്തിന്റെയും നേതൃത്വത്തിലുള്ള രണ്ട് ധാരകള്‍ അഴിമതി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിനുണ്ട്. പൗരസമൂഹ സംഘടനാ നേതൃത്വത്തിലുള്ള പ്രസ്ഥാനത്തിന് വന്‍തോതില്‍ മാധ്യമ പരിഗണന ലഭിച്ചിട്ടുണ്ടെങ്കിലും പരിമിതമായ പരിപ്രേക്ഷ്യം അതിന്റെ മുഖ്യ ദൗര്‍ബല്യമാണ്. ഇന്ത്യയിലെ അഴിമതിയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയില്‍ നവ ഉദാരവത്കരണനയങ്ങളുടെ പങ്ക് തിരിച്ചറിയുന്നതില്‍ അവര്‍ പരാജയപ്പെടുന്നു. അഴിമതിയുടെ പേരില്‍ സര്‍ക്കാരിനെയും രാഷ്ട്രീയക്കാരെയും അവര്‍ ആക്രമിക്കുമ്പോള്‍ ഇന്ത്യയിലെ അഴിമതിയുടെ പ്രഭവ കേന്ദ്രമായ വന്‍കിട കോര്‍പ്പറേറ്റുകളും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥമേധാവികളും തമ്മിലുള്ള കൂട്ടുകെട്ട് അവര്‍ കാണാതെ പോകുന്നു. മാത്രമല്ല ചില അഴിമതിവിരുദ്ധ കുരിശുയുദ്ധക്കാരുടെ പശ്ചാത്തലം തന്നെ ദുരൂഹമാണ്. ഈയിടെ ന്യൂഡല്‍ഹിയില്‍ നിരാഹാരാസമരം നടത്തിയ ഒരു ബാബ സ്കോട്ടലന്റില്‍ ഒരു ദ്വീപു തന്നെ സ്വന്തമായിട്ടുള്ളയാളാണ്. ഇത്തരക്കാര്‍ വര്‍ഗ്ഗീയ വലതുപക്ഷ പ്രതിലോമശക്തികളുമായി കൂട്ടുചേര്‍ന്നിരിക്കുകയുമാണ്. അഴിമതി വിരുദ്ധ നിലപാടിന്റെ കാര്യത്തില്‍ ഇന്ത്യയിലെ മറ്റെല്ലാ രാഷ്ട്രീയപാര്‍ട്ടികളേക്കാള്‍ ഏറ്റവും മികച്ച റെക്കോഡുള്ളത് ഇടതുപക്ഷപാര്‍ട്ടികള്‍ക്കാണ്. അഴിമതിയെ ചെറുക്കാനുള്ള ധാര്‍മ്മിക പിന്‍ബലവും കരുത്തും ഇടതുപക്ഷത്തിന് നല്‍കുന്നത് അനുപമമായ ഈ സവിശേഷതയാണ്. ഇപ്പോള്‍ പുറത്തു വന്നിട്ടുള്ള 2ജി സ്പെക്ട്രം, കെ.ജി. അഴിമതി എന്നിവയെല്ലാം തുറന്നുകാണിക്കുന്നതില്‍ ഇടതുപക്ഷം പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. സ്വതന്ത്ര കമ്പോള നയങ്ങളും അഴിമതിയും തമ്മിലുള്ള ബന്ധവും വന്‍കിട ബിസിനസ്സും രാഷ്ട്രീയവും തമ്മിലുള്ള ബന്ധവും ചങ്ങാത്ത മുതലാളിത്തത്തിന്റെ വളര്‍ച്ചയും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ജനാധിപത്യ സ്ഥാപനങ്ങള്‍ക്കും മേല്‍ കോര്‍പ്പറേറ്റ് നിയന്ത്രണം വര്‍ദ്ധിപ്പിക്കുന്നതുമെല്ലാം നവഉദാരവത്കരണ നയങ്ങള്‍ നടപ്പാക്കിത്തുടങ്ങിയ കാലം മുതല്‍ ഇടതുപക്ഷം നിരന്തരമായി ചൂണ്ടിക്കാണിച്ചുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കോര്‍പ്പറേറ്റ് സംഭാവനകളെ എക്കാലത്തും എതിര്‍ത്തിട്ടുള്ള ഇടതുപക്ഷം ഒരിക്കലും കോര്‍പ്പറേറ്റ് സംഭാവനകള്‍ സ്വീകരിച്ചിട്ടുമില്ല. ഇപ്പോള്‍ ഇടതുപക്ഷം ദേശവ്യാപകമായി ഒരു അഴിമതി വിരിദ്ധ പ്രസ്ഥാനത്തിന് രൂപം കൊടുത്തുവരുകയാണ്. അതിന് ആധാരമായ മുഖ്യ ആവശ്യങ്ങള്‍ താഴെ പറയുന്നവയാണ്. 1. ഫലപ്രദമായ ഒരു ലോക്പാല്‍ നിയമം പാസ്സാക്കുക. 2. ഉന്നത ജൂഡീഷ്യറിയിലെ അഴിമതി തടയാന്‍ ഒരു ദേശീയ ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിക്കുക. 3. വന്‍കിട ബിസിനസ്സ്-രാഷ്ട്രീയ-ഉദ്യോഗസ്ഥ കൂട്ടുകെട്ടിന്റെ ഫലമായ വ്യാപകമായ അഴിമതിക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുക. 4. തെരഞ്ഞെടുപ്പുകളിലെ ധനശക്തിയുടെ സ്വാധീനം നിയന്ത്രിക്കാനും ആനുപാതിക പ്രാതിനിധ്യം ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍ നടപ്പിലാക്കാനും നടപടി കൈക്കൊള്ളുക. 5. കള്ളപ്പണം കണ്ടെത്താനും രാജ്യത്തിന് പുറത്തേക്ക് കടത്തിക്കൊണ്ടുപോയ കള്ളപ്പണം തിരിച്ചു കൊണ്ടുവരാനും നടപടി സ്വീകരിക്കുക. അഴിമതിക്കെതിരായി മാത്രമല്ല അതിനു കാരണമാകുന്ന നവ ഉദാരവത്കരണനയങ്ങള്‍ക്ക് എതിരായും ദേശവ്യാപക സമരങ്ങള്‍ ശക്തിപ്പെടുത്തുകയും പ്രസ്ഥാനം കെട്ടിപ്പടുക്കുകയുമാണ് ഇന്നത്തെ കടമ. അന്ധമായ ലാഭക്കൊതി, നിയന്ത്രണമില്ലാത്ത സ്വകാര്യ മൂലധന സമാഹരണം, ഭരണകൂടത്തിനും സമ്പദ്വ്യവസ്ഥയ്ക്കും മേലുള്ള തടസ്സമില്ലാത്ത കോര്‍പ്പറേറ്റ് ആധിപത്യം എന്നിവയെ എതിര്‍ക്കാത്ത അഴിമതി വിരുദ്ധ പ്രസ്ഥാനം ഉപരിപ്ലവവും ദിശാബോധമില്ലാത്തതും ആയിരിക്കും. വര്‍ദ്ധിക്കുന്ന ദാരിദ്ര്യം, പെരുകുന്ന അസമത്വം, സാമൂഹിക നീതി എന്നീ പ്രശ്നങ്ങളും അഴിമതി വിരുദ്ധ പ്രസ്ഥാനം അഭിസംബോധന ചെയ്യേണ്ടതുണ്ട്. ചുരുക്കത്തില്‍ , അഴിമതിക്കെതിരായ സമരം ഒറ്റപ്പെട്ടതല്ല, നവ ഉദാര ആഗോളവല്‍ക്കരണത്തിനെതിരായ വിശാലമായൊരു പ്രസ്ഥാനത്തിന്റെ അഭേദ്യമായ ഭാഗമായി അത് മാറിയേ തീരൂ. മഹത്തായ ചരിത്രമുള്ള ഒരു രാഷ്ട്രം, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രം എന്നീ നിലകളില്‍ തീര്‍ച്ചയായും ഇന്ത്യക്ക് അഴിമതിക്കെതിരായ സമരത്തില്‍ വിജയം വരിക്കാനാവും എന്ന് എനിക്ക് ഉറപ്പുണ്ട്. ജനങ്ങളിലും ജനാധിപത്യത്തിലും വിശ്വാസമുള്ളതിനാല്‍ നിരാശപ്പെടാന്‍ യാതൊരു കാരണവും ഞാന്‍ കാണുന്നില്ല. മഹാനായ ഇംഗ്ലീഷ് കാല്‍പ്പനിക കവി പി.ബി. ഷെല്ലിയുടെ വരികളിലെ ശുഭപ്രതീക്ഷ പങ്കുവെച്ചുകൊണ്ട് ഞാന്‍ അവസാനിപ്പിക്കട്ടെ. "ശൈത്യം വന്നുവെങ്കില്‍ വസന്തം ഏറെ അകലെയാകുമോ"?
Comments
0 comments to "അഴിമതിയുടെ അര്‍ത്ഥശാസ്ത്രം (എം ബി രാജേഷ്)"
Post a Comment