By Syamlal Kassim in REPORTER
സുപ്രീംകോടതിയില്‍
നടത്തിയ നാടകത്തിലൂടെ കുരിയാര്‍കുറ്റി- കാരപ്പാറ അഴിമതിക്കേസില്‍നിന്ന്
മന്ത്രി ടി എം ജേക്കബ്ബിനെ സംസ്ഥാന സര്‍ക്കാര്‍ രക്ഷിച്ചു. കോടതി
ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ജേക്കബ്ബിനും മറ്റുമെതിരായ തെളിവുകള്‍
കോടതിയില്‍ നിരത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. സര്‍ക്കാര്‍ ഈ
നിലപാട് സ്വീകരിച്ചതോടെ ജേക്കബ്ബ് അടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ
ഹൈക്കോടതിവിധി ചോദ്യംചെയ്തുള്ള അപ്പീല്‍ സുപ്രീംകോടതി തള്ളി.
ജസ്റ്റിസുമാരായ ദല്‍വീര്‍ ഭണ്ഡാരി, ഗ്യാന്‍സുധ മിശ്ര എന്നിവരടങ്ങിയ
ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സര്‍ക്കാരിനു വേണ്ടി സ്റ്റാന്‍ഡിങ്കൗണ്‍സല്‍ എം
ടി ജോര്‍ജും ജേക്കബ്ബിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാലും
ഹാജരായി. കേസില്‍ ഹര്‍ജിക്കാരായ സര്‍ക്കാരാണ് വിശദമായ വാദം
നടത്തേണ്ടിയിരുന്നതെങ്കിലും ജേക്കബ്ബിനു വേണ്ടി കെ കെ വേണുഗോപാലാണ്
വാദമാരംഭിച്ചത്. എ കെ ആന്റണി മുഖ്യമന്ത്രിയായ ഘട്ടത്തില്‍ തുടരന്വേഷണമെന്ന
പേരില്‍ സര്‍ക്കാര്‍ നടത്തിയ പ്രഹസനമാണ് യഥാര്‍ഥ കണ്ടെത്തലായി വേണുഗോപാല്‍
അവതരിപ്പിച്ചത്. ഇത് ഖണ്ഡിക്കാനോ യാഥാര്‍ഥ്യം കോടതിയെ ബോധ്യപ്പെടുത്താനോ
സര്‍ക്കാര്‍ അഭിഭാഷകന്‍ മുതിര്‍ന്നില്ല. പിന്നീട് കോടതി ചില സംശയങ്ങളും
മറ്റും ഉന്നയിച്ചപ്പോഴാണ് സര്‍ക്കാരിന്റെ പ്രതികരണമുണ്ടായത്. അതുതന്നെ
തീര്‍ത്തും പരസ്പരബന്ധമില്ലാത്ത വിധം. ജേക്കബ്ബിനെതിരെ എന്തൊക്കെയാണ്
കണ്ടെത്തലെന്നും എന്തൊക്കെയാണ് തെളിവുകളെന്നും ജസ്റ്റിസ് ഗ്യാന്‍സുധ മിശ്ര
ആവര്‍ത്തിച്ച് ആരാഞ്ഞെങ്കിലും വിശദീകരണത്തിന് സര്‍ക്കാര്‍ മുതിര്‍ന്നില്ല.
ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി ജേക്കബ്ബിനെതിരെ
ഉന്നയിച്ചിട്ടുള്ള കുറ്റങ്ങള്‍ക്ക് എന്തൊക്കെയാണ് തെളിവുള്ളതെന്ന് കോടതി
ചോദിച്ചപ്പോഴൂം സര്‍ക്കാര്‍ മൗനംപൂണ്ടു. കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്
കണക്കിലെടുത്ത് തിങ്കളാഴ്ചതന്നെ ജേക്കബ് ഡല്‍ഹിയിലെത്തി വേണ്ട ആസൂത്രണം
നടത്തിയിരുന്നു. കനാല്‍ മണ്ണിട്ട് നിരപ്പാക്കുന്നതിന് അധികതുക കരാറുകാരന്
നല്‍കി ഖജനാവിന് നഷ്ടം വരുത്തിയെന്നാണ് ജേക്കബ്ബിനെതിരായ കേസ്്. 1995ല്‍ ടി
എം ജേക്കബ് ജലസേചനമന്ത്രിയായിരിക്കെയാണ് ക്രമക്കേട് നടന്നത്.
ആക്ഷേപമുയര്‍ന്നതിനെത്തുടര്‍ന്ന് വിജിലന്‍സ് കോടതി അന്വേഷണത്തിന്
ഉത്തരവിട്ടു. കനാല്‍നിര്‍മാണത്തിന്റെ എര്‍ത്ത്വര്‍ക്കെന്ന പേരില്‍
ചെയ്യാത്ത പണിക്ക് കരാറുകാരന്‍ അറുപതുലക്ഷത്തോളം രൂപ അധികം വാങ്ങിയെന്ന്
വിജിലന്‍സ് കണ്ടെത്തി. അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍
ജേക്കബ്ബിനെയും (നാലാംപ്രതി), കരാറുകാരനായ കുഞ്ഞുമാഹിന്‍ ഹാജിയെയും
(ഏഴാംപ്രതി) പ്രതികളാക്കി കേസെടുത്തു. വിജിലന്‍സ് കോടതി വിധിക്കെതിരെ
യുഡിഎഫ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. 2008ല്‍ ഹൈക്കോടതി ഉത്തരവ്
ജേക്കബ്ബിന് അനുകൂലമായിരുന്നു. ഈ വിധിയെ ചോദ്യംചെയ്ത് മുന്‍ എല്‍ഡിഎഫ്
സര്‍ക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
Comments
0 comments to "കുരിയാര്‍കുറ്റി അഴിമതിക്കേസില്‍നിന്ന് ജേക്കബ് ഊരി"
Post a Comment