-(P.M. Manoj)
സുപ്രീംകോടതി കേന്ദ്ര യുപിഎ സര്‍ക്കാരിനോട് ഈയിടെ ചോദിച്ച ചില ചോദ്യങ്ങള്‍ ഓര്‍മിക്കപ്പെടേണ്ടതാണ്. "ഇന്ത്യയിലെ ജനങ്ങള്‍ക്ക് നല്‍കാതെ, എന്തിനാണ് എലികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത്?", "സ്വിസ് ബാങ്കിലെ കള്ളപ്പണ നിക്ഷേപകരുടെ ലിസ്റ്റ് എന്തുകൊണ്ട് പ്രസിദ്ധീകരിക്കുന്നില്ല?", "എന്തുകൊണ്ടാണ് ഒരു ക്രിമിനല്‍ കുറ്റാരോപിതനെ, രാജ്യത്തിന്റെ ചീഫ് വിജിലന്‍സ് കമീഷണറായി നിങ്ങള്‍ നിയമിച്ചത്?", "എന്തുകൊണ്ടാണ് നേര്‍പകുതി ദരിദ്രരെ ഒഴിവാക്കി ബിപിഎല്‍ പട്ടിക തയ്യാറാക്കുന്നത്?", "1,76,645 കോടി രൂപ കവര്‍ന്നെടുക്കപ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്ന ഒരഴിമതി ആരോപണത്തിന്റെ സത്യാവസ്ഥ കണ്ടെത്താന്‍ നിങ്ങള്‍ മടിക്കുന്നതെന്തിന്?"-ഇങ്ങനെ നിരവധി ചോദ്യങ്ങളുണ്ട് ഓര്‍ത്തെടുക്കാന്‍ . ഇതില്‍ അവസാനത്തെ ചോദ്യത്തിന്റെ ഉത്തരമാണ് മുന്‍കേന്ദ്രമന്ത്രി എ രാജ ഡല്‍ഹിയിലെ പ്രത്യേക കോടതിയില്‍ തിങ്കളാഴ്ച പറഞ്ഞത്.
2ജി സ്പെക്ട്രം കേസില്‍ സ്പെക്ട്രം ലേലം സംബന്ധിച്ച് തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും മന്ത്രിസഭയുടെ തീരുമാനം നടപ്പാക്കുകമാത്രമാണ് താന്‍ ചെയ്തതെന്നുമാണ് രാജ വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലാണ് ഇത് സംബന്ധിച്ച കരാറില്‍ ഏര്‍പ്പെട്ടതെന്നും അന്നത്തെ ധനമന്ത്രിയാണ് ഇതിന് അനുമതി നല്‍കിയതെന്നും രാജ കൂട്ടിച്ചേര്‍ത്തു. അതായത്, പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, അന്നത്തെ ധനമന്ത്രിയും ഇന്നത്തെ ആഭ്യന്തര മന്ത്രിയുമായ പി ചിദംബരം എന്നിവര്‍ കൂട്ടുപ്രതികളാണെന്ന്. അരുണ്‍ ഷൂരിയും ദയാനിധി മാരനും മന്ത്രിമാരായിരുന്നപ്പോള്‍ സ്പെക്ട്രം ലൈസന്‍സ് അനുവദിച്ചിട്ടുണ്ടെന്നിരിക്കെ താന്‍ മാത്രം കുറ്റവാളിയാകുന്നതെങ്ങനെയെന്നും 1993 മുതലുള്ള എല്ലാ ടെലികോം മന്ത്രിമാരും ജയിലില്‍ കിടക്കേണ്ടതല്ലേയെന്നും രാജ ചോദിക്കുന്നു.
1,76,645 കോടിയുടെ നഷ്ടം വന്ന കേസില്‍ ഏതാനും കോടി രൂപയുടെ പേരിലാണ് രാജയും കനിമൊഴിയും തിഹാര്‍ ജയിലിലായത്. സിബിഐ കണ്ടെത്തിയത് 30,984 കോടി രൂപയുടെ നഷ്ടം മാത്രമാണ്. ബാക്കി വന്‍തുക എവിടെപ്പോയെന്ന് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. അത് പുറത്തുവരുമ്പോഴാണ് വന്‍തോക്കുകള്‍ പിടിക്കപ്പെടുക. ഡിബി റിയാലിറ്റീസുമായുള്ള കരാര്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലാണ് ഒപ്പിട്ടതെന്നും പ്രത്യേക കോടതി ജഡ്ജി ഒ പി സെയ്നി മുമ്പാകെ രാജ മൊഴിനല്‍കിയിട്ടുണ്ട്.
ഇതോടെ, സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ പൊതുമുതല്‍ കൊള്ളയായ 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് നേരിട്ടു പങ്കുണ്ടെന്ന് അസന്ദിഗ്ധമായി വ്യക്തമാവുകയാണ്. ഡിഎംകെയുടെ ഒരു മുന്‍മന്ത്രിയും എംപിയും ചില ഉദ്യോഗസ്ഥരും മൂന്ന് സ്വകാര്യ ടെലികോം കറക്കുകമ്പനികളുംകൂടി ഗൂഢാലോചന നടത്തി പൊതുമുതല്‍ തട്ടിയെടുത്തു എന്ന കേസായി നിസ്സാരവല്‍ക്കരിച്ച് അവസാനിപ്പിക്കാനുള്ളതല്ല 2ജി സ്പെക്ട്രം അഴിമതിക്കേസ്. ഈ ഹിമാലയന്‍ കൊള്ള അരങ്ങേറിയ 2008ല്‍ തന്നെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ ഇതേക്കുറിച്ച് സിപിഐ എം തെളിവുകള്‍ നിരത്തി ബോധ്യപ്പെടുത്തിയതാണ്. സ്പെക്ട്രം ലഭിക്കാത്ത ചില കമ്പനികളും ക്രമക്കേടുകളെക്കുറിച്ച് പരാതിപ്പെട്ടു. അതുകഴിഞ്ഞ് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമായ കുറ്റാരോപണമുണ്ടായി. അതൊന്നും ചെവിക്കൊള്ളാതെ അഴിമതി നടന്നിട്ടില്ല എന്നാണ് പ്രധാനമന്ത്രി ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. ചെയ്തതെല്ലാം പ്രധാനമന്ത്രിയുടെ
അറിവോടെയാണെന്ന് അന്നത്തെ ടെലികോം മന്ത്രി രാജയും വ്യക്തമാക്കി. കേസന്വേഷണം ഏറ്റെടുത്ത സിബിഐ ഒന്നരക്കൊല്ലത്തോളം ഒന്നും ചെയ്തില്ല. ശക്തമായ വിമര്‍ശവുമായി സുപ്രീംകോടതി ഇടപെട്ടതോടെയാണ് സിബിഐ അനങ്ങിയതുതന്നെ. സിബിഐയുടെ ആ നിഷ്ക്രിയത്വവും കേസിന്റെ ഒരറ്റത്തില്‍മാത്രം പിടിച്ച് കൂറ്റന്‍ പ്രതികളെ രക്ഷിക്കാനുള്ള പരിശ്രമവും എന്തിനായിരുന്നുവെന്നാണ് രാജയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തലില്‍ ഒന്നുകൂടി ഉറപ്പിക്കപ്പെടുന്നത്. ഈ കേസിനെ ഭയന്നാണ് പാര്‍ലമെന്റിന്റെ ഒരു സമ്മേളന കാലയളവാകെ മന്മോഹന് സര്‍ക്കാര്‍ പാഴാക്കിയത്. രാജയ്ക്കുപകരം ടെലികോംമന്ത്രിയായ കപില്‍സിബല്‍ പറഞ്ഞത് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കണക്ക് കള്ളമാണെന്നും രാജ്യത്തിന് ഒരൊറ്റ പൈസയും നഷ്ടം വന്നിട്ടില്ലെന്നുമാണ്.
കേസ് തേച്ചുമാച്ചുകളയാനും വഴിതിരിച്ചുവിടാനും കോണ്‍ഗ്രസ് തുടര്‍ച്ചയായി ശ്രമിച്ചു. ആദ്യം അഴിമതിയില്ലെന്ന്; പിന്നെ നഷ്ടം വന്നില്ലെന്ന്; അതും കഴിഞ്ഞ് തങ്ങള്‍ക്ക് ഒന്നിലും പങ്കാളിത്തമില്ലെന്ന്. രക്ഷപ്പെടാന്‍ സിബിഐയെ നഗ്നമായി ഉപയോഗിക്കുകയാണ് കോണ്‍ഗ്രസ്. ഇടപാടിലെ എല്ലാ കള്ളക്കളികള്‍ക്കും ഒത്താശചെയ്തത് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങാണ്. എന്നാല്‍ , എല്ലാ തെളിവും കണ്ടില്ലെന്നു നടിച്ച് മന്മോഹനെ കുറ്റവിമുക്തനാക്കാനാണ് സിബിഐയുടെ ശ്രമം. പ്രധാനമന്ത്രിയെ രാജ തെറ്റിദ്ധരിപ്പിച്ചതാണെന്ന് സിബിഐ പറയുകയാണ്. ടെലികോം വകുപ്പില്‍ അവിഹിതമായി കാര്യങ്ങള്‍ നടക്കുന്നു എന്ന് സൂചിപ്പിച്ച് ഇതേ പ്രധാനമന്ത്രി, ടെലികോം മന്ത്രിക്കെഴുതിയ കത്തുകള്‍ പുറത്തുവന്നിട്ടുണ്ട്.
സിപിഐ എം നേതാക്കള്‍ അഴിമതിയെക്കുറിച്ച് പ്രധാനമന്ത്രിക്ക് നല്കിയ കത്തുകള്‍ രഹസ്യമല്ല. എല്ലാറ്റിനുമുപരി, 1,76,645 കോടി രൂപയുടെ അഴിമതി തന്റെ മന്ത്രിസഭയില്‍ ഒരംഗം നടത്തിയിട്ട് താനൊന്നും അറിഞ്ഞില്ല എന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹനാണോ എന്ന ചോദ്യം വേറെ ഉയരുന്നു. കേസില്‍ ഇനി വരാനിരിക്കുന്നതാണ് അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്ന തെളിവുകള്‍ . അന്വേഷണം നേര്‍വഴിയില്‍ മുന്നോട്ടുപോയാല്‍ രാജയ്ക്കപ്പുറം യുപിഎ സര്‍ക്കാരിനകത്തുള്ളവരും പുറത്ത് അതിനെ നിയന്ത്രിക്കുന്നവരുമാണ് പ്രതിക്കൂട്ടിലെത്തുക. തീര്‍ച്ചയായും യുപിഎ നേതൃത്വം അത്തരമൊരവസ്ഥയെ ഭയപ്പെടണം. തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വാരിയെറിഞ്ഞ പണത്തിന്റെ സ്രോതസ്സ് ഏതെന്ന ചോദ്യത്തിനുള്ള ഉത്തരവും അത്തരമൊരന്വേഷണത്തില്‍ തെളിയും.
ഭരണകക്ഷിയെ രാഷ്ട്രീയമായി രക്ഷിക്കാനും ഭരണകക്ഷിയുടെ എതിരാളികളെ തകര്‍ക്കാനുമുള്ള വാടക ഏജന്‍സിയായി സിബിഐയെ അധഃപതിപ്പിക്കുന്നതെന്തിനെന്ന സംശയത്തിനുള്ള ഉത്തരവും ഇതിലുണ്ട്. താന്‍ മാത്രമല്ല ജയിലിലടയ്ക്കപ്പെടേണ്ടത് എന്ന് രാജ പറയുമ്പോള്‍ , മറ്റാരൊക്കെ എന്ന് അറിയാനുള്ളതും അവര്‍ ജയിലിലടയ്ക്കപ്പെടും എന്നുറപ്പാക്കാനുള്ളതുമായ അവകാശം ഇന്നാട്ടിലെ ജനങ്ങള്‍ക്കുണ്ട്. ഏതെങ്കിലുമൊരു മറവിരോഗത്തിന്റെ ചെലവിലോ അന്വേഷണ ഏജന്‍സിയുടെ കള്ളക്കളിയിലോ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുണ്ടായിക്കൂടാ. നിയമപരമായും രാഷ്ട്രീയമായും ഈ കൊള്ളക്കാരെ നേരിടണം;