Saturday, January 14, 2012

അഴിമതിരഹിത കേരളം എങ്ങനെ സാദ്ധ്യമാക്കാം?

0 comments
പത്ത് കൊല്ലം മുമ്പ് ട്രാൻസ്‌പാരൻസി ഇന്റർനാഷണൽ എന്ന ആഗോള അഴിമതിവിരുദ്ധ പ്രസ്ഥാനത്തിന്റെ ഒരു ഘടകം കേരളത്തിൽ പ്രവർത്തിച്ചിരുന്നു. നാഷണൽ ലോ സ്കൂളിന്റെ സ്ഥാപക ഡയറക്ടറായിരുന്ന ഡോ. എൻ.ആർ. മാധവ മേനോൻ അദ്ധ്യക്ഷനും മുൻ അക്കൌണ്ടന്റ് ജനറൽ കെ.പി. ജോസഫ് സെക്രട്ടറിയുമായിരുന്ന ആ ഘടകം ഇൻഡ്യൻ സൊസൈറ്റി ഓഫ് ഇന്റർഡിസിപ്ലിനറി സ്റ്റഡീസിന്റെ സഹായത്തോടെ തിരുവനന്തപുരം നഗരത്തിൽ ഒരു സർവ്വെ നടത്തുകയുണ്ടായി. സർവ്വെ റിപ്പോർട്ട് 2001 മാർച്ചിൽ ഗവർണർ എസ്.എസ്.കാങ് പ്രകാശനം ചെയ്തു.

അത് ഒരു തെരഞ്ഞെടുപ്പ് കൊല്ലമായിരുന്നു. തെരഞ്ഞെടുപ്പിനുശേഷം ഒരു നിവേദക സംഘം പുതിയ മുഖ്യമന്ത്രിയെ കണ്ട് റിപ്പോർട്ടിന്റെ ഒരു കോപ്പി നൽകി. അദ്ദേഹം ഒരു കോപ്പി കൂടി ചോദിച്ചു വാങ്ങിയപ്പോൾ എന്തെങ്കിലും അഴിമതിവിരുദ്ധ നടപടികൾ ഉണ്ടാകുമെന്ന് ഞങ്ങൾ കരുതി. ഒന്നും ഉണ്ടായില്ല.

സർവ്വ നടത്തിയത് അന്ന് തിരുവനന്തപുരം കോർപ്പൊറേഷനു കീഴിലുണ്ടായിരുന്ന പ്രദേശത്തായിരുന്നു. വാളണ്ടിയർമാർ റാൻഡം അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത 305 പേരെ സമീപിച്ച് സംസ്ഥാനത്തെ 25 സർക്കാർ വകുപ്പുകളിലെ/ആഫീസുകളിലെ അഴിമതി നിലവാരത്തെ 0 മുതൽ 10 വരെയുള്ള സ്കെയിലിൽ (അഴിമതിരഹിതമെങ്കിൽ 0, സമ്പൂർണ്ണ അഴിമതിയെങ്കിൽ 10 എന്നിങ്ങനെ) രേഖപ്പെടുത്താൻ ആവശ്യപ്പെട്ടു. ചിലർ സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിൽ അഴിമതി നിലവാരം വിലയിരുത്തിയെങ്കിൽ മറ്റ് ചിലർ കേട്ടറിവിന്റെ അടിസ്ഥാനത്തിലാണ് അഭിപ്രായം രൂപീകരിച്ചത്.

ഓരോ വകുപ്പിന്റെയും/ആഫീസിന്റെയും ശരാശരി അഴിമതി നിലവാരം ഇങ്ങനെ ആയിരുന്നു:

1. മോട്ടോർ വാഹന വകുപ്പ് 9.0
2. പൊലീസ് 8.9
3. എൿസൈസ് 8.8
4. പൊതുമരാമത്ത് വകുപ്പ് 8.1
5. സിറ്റി കോർപ്പൊറേഷൻ 7.7
6. വനം വകുപ്പ് 7.5
7. വില്ലേജ് ആഫീസ് 7.3
8. ലാൻഡ് റവന്യു 7.2
9. രജിസ്ട്രേഷൻ വകുപ്പ് 7.2
10. താലൂക്ക് ആഫീസ് 7.1
11. വില്പന നികുതി 7.0
12. ടൌൺ പ്ലാനിങ് 6.4
13. ആരോഗ്യ വകുപ്പ് 6.4
14. സഹകരണ വകുപ്പ് 6.3
15. സിവിൽ സപ്ലൈസ് 6.0
16. വ്യവസായ വകുപ്പ് 6.0
17. ലീഗൽ മെട്രോളജി വകുപ്പ് 6.0
18. ഇലക്ട്രിസിറ്റി ബോർഡ് 5.6
19. ജല അതോറിറ്റി 5.6
20. ജലസേചന വകുപ്പ് 5.6
21. വിദ്യാഭ്യാസ വകുപ്പ് 5.5
22. സാമൂഹ്യ ക്ഷേമ വകുപ്പ് 5.5
23. കെ.എസ്.ആർ.ടി.സി. 4.5
24. കൃഷി വകുപ്പ് 4.4
25. മൃഗസംരക്ഷണ വകുപ്പ് 4.3

സർവ്വേയുടെ അടിസ്ഥാനത്തിൽ ട്രാൻസ്‌പാർൻസി ഘടകം താഴെ പറയുന്ന നിഗമനങ്ങളിലെത്തി:
ഒരു വകുപ്പും അഴിമതിരഹിതമാണെന്ന് ജനങ്ങൾ കരുതുന്നില്ല.

വളരെ വലിയ തോതിൽ അഴിമതിയുള്ള ആഫീസുകൾ (ശരാശരി 8ന് മുകളിൽ): മോട്ടോർ വാഹന വകുപ്പ്, പൊലീസ്, എൿസൈസ്, പൊതുമരാമത്ത് വകുപ്പ്

വലിയ തോതിൽ അഴിമതിയുള്ള ആഫീസുകൾ (ശരാശരി 6ഓ അതിനു മുകളിലൊ, 8നു താഴെ): സിറ്റി കോർപ്പൊറേഷൻ, വനം വകുപ്പ്, വില്ലേജ് ആഫീസ്, ലാൻഡ് റവന്യു, രജിസ്ട്രേഷൻ വകുപ്പ്, തലൂക്ക് ആഫീസ്, വില്പന നികുതി, ടൌൺ പ്ലാനിങ്, ആരോഗ്യ വകുപ്പ്, സഹകരണ വകുപ്പ്, സിവിൽ സപ്പ്ലൈസ്, വ്യവസായ വകുപ്പ്, ലീഗൽ മെട്രോളജി.

മിതമായ തോതിൽ അഴിമതിയുള്ള ആഫീസുകൾ (ശരാശരി 5ന് മുകളിൽ, 6ന് താഴെ): വിദ്യാഭ്യാസ വകുപ്പ്, സമൂഹ്യക്ഷേമ വകുപ്പ്.

കുറഞ്ഞ തോതിൽ അഴിമതിയുള്ള ആഫീസുകൾ (ശരാശരി 4ന് മുകളിൽ 5ന് താഴെ): കെ.എസ്.ആർ.ടി.സി., കൃഷി വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്.

ഈ പഠനം നടത്തിയ ട്രാൻസ്‌പാരൻസിയുടെ കേരള ഘടകം ഇപ്പോൾ നിലവിലില്ല. മറ്റാരെങ്കിലും കഴിഞ്ഞ പത്തു കൊല്ലക്കാലത്ത് അഴിമതിയെ കുറിച്ചുള്ള ജനങ്ങളുടെ അഭിവീക്ഷണം കണ്ടെത്താൻ ശ്രമിച്ചതായി എനിക്ക് അറിവില്ല. അഴിമതിയുടെ തോതിൽ കുറവുണ്ടായെന്ന് കരുതാൻ ഒരു ന്യായവും ഞാൻ കാണുന്നില്ല. ഇക്കാര്യത്തിൽ മാന്യസുഹൃത്തുക്കളുടെ അഭിപ്രായം അറിയാൻ താല്പര്യമുണ്ട്.

വളരെ വലിയ തോതിൽ അഴിമതിയുള്ളതായി കണ്ട വകുപ്പുകളിലെ ഇന്നത്തെ സ്ഥിതി എങ്ങനെ വെളിച്ചത്തു കൊണ്ടുവരാം? അവിടെ ഗുണപരമായ മാറ്റങ്ങളുണ്ടാക്കാൻ നമുക്ക് എന്ത് പ്രായോഗിക നടപടികൾ കൈക്കൊള്ളാനാകും? ഈ വിഷയത്തിൽ Kerala Against Corruption എന്ന ഈ അഴിമതിവിരുദ്ധ കൂട്ടായ്മയിലെ സുഹൃത്തുക്കളുടെ നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു. അഴിമതിരഹിത കേരളം എന്ന ആശയം എങ്ങനെ സാക്ഷാത്കരിക്കാം എന്ന അന്വേഷണത്തിന്റെ തുടക്കമായാണ് ഈ കുറിപ്പ് ഇവിടെ അവതരിപ്പിക്കുന്നത്.

ബി.ആർ.പി. ഭാസ്കർ
തിരുവനന്തപുരം
മേയ് 2, 2011

Comments

0 comments to "അഴിമതിരഹിത കേരളം എങ്ങനെ സാദ്ധ്യമാക്കാം?"

Post a Comment

 

Copyright 2008 All Rights Reserved Revolution Two Church theme by Brian Gardner Converted into Blogger Template by Bloganol dot com